താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം, ആദ്യം നിലത്തിറങ്ങി നടക്ക്, മലയാളസിനിമയെ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെ’ ! ജോജുവിന് വിമർശനം !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് ജോജു ജോർജ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘പണി’. സിനിമ മികച്ച അഭിപ്രായം നേടി വിജകരമായി പ്രദർശനം തുടരുന്നതിനിടെയാണ് പണിയുടെ റിവ്യു പുറത്തുവന്നതും,  പിന്നാലെയുണ്ടായ വിവാദങ്ങളും. തന്റെ സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് യൂട്യൂബറെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തൻ്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു ജോർജ് പറയുന്നത്. ജോജു അഭിനയിക്കുകയും ഒപ്പം സംവിധാനം ചെയ്യുകയും ചെയ്‌ത സിനിമയാണ് പണി.

ജോജുവിന്റെ ഭീഷണി സംഭാഷണം പുറത്ത് വന്നതോടെ നടനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്, ഇപ്പോഴിതാ നടനെതിരെ വിമർശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ, ‘നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോൾ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന, ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു. ആദർശിൻ്റെ റിവ്യു , ആറ്റിട്യൂട് ഒക്കെ ഇഷ്ടമായി.

പക്ഷെ ഞാൻ സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈൽ സംഭാഷണം കേട്ടതോടെയാണ്. പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങൾ മുടക്കിയ വലിയകാശ് നിങ്ങൾക്ക് ലാഭമാക്കി മാറ്റണമെങ്കിൽ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം.

ഇപ്പോൾ പഴയകാലമല്ല, അഭിപ്രായങ്ങൾ പല രീതിയിൽ ഉണ്ടാകും, നല്ലത് ഉൾകൊള്ളുന്ന പോലെ തന്നെ മോശവും ഉൾക്കൊള്ളണം, നിങ്ങളെ പോലെയുള്ളവർ ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോൾ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതൽ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം എന്നും ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *