നീ അഭിനയിച്ചാല്‍ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞിട്ട് പോയി ! മമ്മൂക്ക ഇത് ഓര്‍ക്കുന്നുണ്ടാകില്ല, എന്നെപ്പോലെ ഒരുപാട് പേര്‍ ഉണ്ടാകും ! ജോജു പറയുന്നു !

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ചെറിയ വേഷങ്ങളിൽ സിനിമയിൽ തുടക്കം കുറിച്ച ജോജു ഇന്ന് മുൻ നിര നായകനായി മാറിയതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടിന്റെ കഥ ഉണ്ടെന്ന് പലപ്പോഴായി നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ മാഞ്ചസ്റ്ററിൽ വെച്ച് നടന്ന ആനന്ദ് ഫിലിം അവാർഡ് ചടങ്ങിൽ ജോജു പറഞ്ഞ വാക്കുകളും, നടന്‍ ടൊവിനോ തോമസ് ആണ് ജോജുവിന് അവാര്‍ഡ് സമ്മാനിച്ചത്. തന്റെ ജീവിതത്തില്‍ മമ്മൂട്ടി ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണ് ജോജു അവാര്‍ഡ് സ്വീകരിച്ച ശേഷം പറഞ്ഞത്. ഇതിനിടെ സര്‍പ്രൈസ് ആയി മമ്മൂട്ടി വേദിയിലേക്ക് കയറി വരികയും ചെയ്തു. തന്നെ സിനിമയിലേക്ക് മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയതിനെ കുറിച്ചാണ് നടന്‍ സംസാരിച്ചത്.

ജോജുവിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരായി എനിക്ക് തോന്നിയത് സുരാജ് വെഞ്ഞാറമ്മൂടിനെയും ടൊവിനോയെയുമാണ്. കുട്ടിക്കാലം മുതലുള്ള നമ്മുടെ സൂപ്പര്‍താരമായ ഇക്കയുടെ കയ്യില്‍ നിന്നാണ് ഇവര്‍ അവാര്‍ഡ് വാങ്ങിയത്. എനിക്കും ഒരാഗ്രഹമായിരുന്നു, അദ്ദേഹം ഇവിടെ ഉണ്ടാകണം എന്നുള്ളത്. അതിനൊരുപാട് കാരണങ്ങളുണ്ട്. ഞാന്‍ ആദ്യമായി ഡയലോഗ് പറയുന്നത് 1999ലാണ്, അത് മമ്മൂക്കയുടെ പടമായിരുന്നു. അത് കഴിഞ്ഞ്, നീ അഭിനയിച്ചാല്‍ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞിട്ട് പോയി, 2010 ല്‍ ‘നീ കുഴപ്പമില്ലടാ’ എന്നു പറഞ്ഞത് ബെസ്റ്റ് ആക്ടറില്‍ അതും മമ്മൂക്കയോടൊപ്പമായിരുന്നു.

അതിനു ശേഷം 2013ല്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന  സിനിമ ഇറങ്ങിയതിന് ശേഷം  എനിക്കു സിനിമയേ കിട്ടിയില്ല. ചെറിയ വേഷങ്ങളില്‍ ഇവനെ വിളിക്കണ്ട, ഇവന്‍ വലിയ വേഷം ചെയ്തുവെന്നു പറഞ്ഞു. അങ്ങനെ ഒരു വര്‍ഷത്തെ ഗ്യാപ്പിന് ശേഷം എനിക്കൊരു സിനിമ കിട്ടി. ആ ലോട്ടറിയടിച്ച പടമായിരുന്നു ‘രാജാധിരാജ’. പൊള്ളാച്ചിയില്‍ ഒരു വീട്ടില്‍ ഷൂട്ട് നടക്കുന്ന സമയത്ത്, പൂജയ്ക്ക് തിരി കത്തിക്കാന്‍ നേരത്ത് ഞാനിങ്ങനെ മാറി നില്‍ക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘അവനെ വിളിക്ക്’ എന്ന്.

 

എന്നെ കൊണ്ട് ആ തിരി കത്തിപ്പിച്ചു, ആ നിമിഷം ഞാൻ കരയുകയായിരുന്നു.  അതിന് ശേഷം ആ സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെപ്പറ്റി പറയുന്നത് എന്റെ കൂടെ വന്ന ഒരാള്‍ കേട്ടു. ”ഇവനെയൊക്കെ വച്ച് ഇത്ര വലിയൊരു വേഷം അഭിനയിപ്പിക്കാമോ? ഇവന്‍ ഇപ്പോള്‍ അഭിനയിക്കും. അഭിനയം ശരിയായില്ലെങ്കില്‍ അപ്പോള്‍ തന്നെ പറഞ്ഞുവിടുമെന്നു” പറഞ്ഞു. ഇത് എന്റെ കൂട്ടുകാരന്‍ വന്ന് എന്നോടു പറഞ്ഞു. ‘എടാ നീ ഇന്ന് അഭിനയിച്ച് ശരിയായില്ലെങ്കില്‍ നിന്നെ പറഞ്ഞുവിടും. അതുകൊണ്ട് നന്നായി ചെയ്യണമെന്ന്.

ഇത് കേട്ടതും എന്റെ സകല ധൈര്യവും പോയി. ഇവിടെ നിന്ന് ഇന്ന് എന്നെ പറഞ്ഞുവിട്ടുകഴിഞ്ഞാല്‍ ആ നാണക്കേട് ജീവിതത്തില്‍ എല്ലാകാലത്തും ഉണ്ടാകും എന്നതാണ് എന്റെ പ്രശ്‌നം. അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയും. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി. മമ്മൂക്ക എന്നെ മാറ്റി നിര്‍ത്തി എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നു. മമ്മൂക്ക ഇത് ഓര്‍ക്കുന്നുണ്ടാകില്ല. എന്നെപ്പോലെ ഒരുപാട് പേര്‍ ഉണ്ടാകും. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അത് എന്ന് ജോജു പറയുമ്പോൾ പുറകിൽ കൂടി മമ്മൂക്ക ജോജുവിന് സർപ്രൈസ് നല്കുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *