ഇത്തരത്തിലുള്ള തമാശകൾ പറയുമ്പോൾ സഹജീവികളെക്കൂടി പരിഗണിക്കണം, നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പലരെയും പരിഹസിച്ച് തമാശ പറയുന്നത് ശെരിയല്ല ! മഞ്ജു പത്രോസ് !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയയായ അഭിനേത്രിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ  വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ താരമായ മഞ്ജു പിന്നീട് സിനിമ സീരിയലുകളിലൂടെയും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് കൂടുതൽ  സുപരിചിതയായി മാറി.  സോഷ്യല്‍ മീഡിയയില്‍ എന്നും തന്‍റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. എന്നും സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ് കയ്യടി നേടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ മിമിക്രി താരം ബിനു അടിമാലിയുടെ വാക്കുകളെ തിരുത്തി തന്റെ അഭിപ്രായം വ്യക്തമാക്കിയ മഞ്ജുവിന്റെ വാക്കുകൾക്ക് കൈയ്യടി നേടുകയാണ്. ബോഡി ഷെയിമിംഗ് നടത്തുന്ന തമാശകളെ ന്യായീകരിച്ച് ബിനു പറഞ്ഞ വാക്കുകളാണ് മഞ്ജു തിരുത്തിയത്. പാളയം പിസി എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് സംഭവം. ബിനു അടിമാലി പറഞ്ഞത് ഇങ്ങനെ, താനിക്ക് ഏറെ ട്രോളുകള്‍ കിട്ടിയിട്ടുണ്ടെന്നും. തമാശയ്ക്ക് പറയുന്ന പല കാര്യങ്ങളും ആളുകള്‍ കാര്യമായി എടുക്കുന്നു, ഇതൊന്നും ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല.

അതുകൊണ്ട് തന്നെ നിലനിൽപ്പിന്റെ ഭാഗമായി ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ് എന്നാണ് ബിനു അടിമാലി പറഞ്ഞത്, എന്നാൽ അത് അങ്ങനെയല്ല ചേട്ടാ എന്ന് പറഞ്ഞുകൊണ്ട് മഞ്ജു സംസാരിക്കുകയായിരുന്നു. ചർച്ചയാക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് മഞ്ജു തുടങ്ങിയത് . പക്ഷെ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ഉണ്ടാകും എന്നതിനാലാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു.

ബിനു ചേട്ടൻ പറഞ്ഞത് ശെരിയാണ്, കലാകാരന്മാരാണ് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാനും. ഓർമ്മവെച്ച കാലം മുതൽ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുള്ള ആളാണ് ഞാൻ, എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തമാശകൾ ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല.

വ്യക്തിപരമായി ഇതൊന്നും അസ്വദിക്കാന്‍ കഴിയില്ല. ഞാൻ എന്തോ കുറഞ്ഞ ആളാണ്‌ എന്ന ചിന്താഗതി ഇത് ഉണ്ടാക്കിയിരുന്നു. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം, ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ടെന്നും മഞ്ജു ശക്തമായി പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *