അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി ! ദിലീപിന്റെ ബാന്ദ്ര സിനിമക്ക് മോശം റിവ്യൂ നല്കിയതിനാണ് നടപടി !

ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. സിനിമ മേഖലക്ക് തന്നെ വലിയ ഭീഷണി ആയികൊണ്ടിരിക്കുന്ന ഒന്നാണ് യുട്യൂബർ മാരുടെ സിനിമ റിവ്യൂ എന്നാണ് ഒരു കൂട്ടം നിർമ്മാതാക്കളുടെയും സിനിമ പ്രവർത്തകരുടെയും വിലയിരുത്തൽ. സിനിമ പകുതി ആകുമ്പോൾ തന്നെ സിനിമയുടെ റിവ്യൂ പറയുകയും അത് സിനിമയുടെ വിജയത്തെയും സാമ്പത്തിക നേട്ടത്തെയും തകർക്കുന്നു എന്നാണ് ഇവരുടെ ആരോപണം. അതുകൊണ്ട് തന്നെ നിയമ നടപടികളും ഇവർ തുടങ്ങിയിരുന്നു.

ഇപ്പോഴിതാ ദിലീപ് ചിത്രം ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിൽ അശ്വന്ത് കൊക്കിന്റെ റിവ്യൂ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സിനിമയിലെ ദിലീപിനെ കോമഡിയായി അനുകരിച്ചു കൊണ്ടായിരുന്നു കോക്കിന്റെ റിവ്യൂ. ബാന്ദ്ര തമിഴ് ചിത്രം ബോംബെ സ്പൂഫ് ആണെന്നും കോക്ക് പരിഹസിച്ചുകൊണ്ട് പറഞ്ഞിരുന്നു. അരുൺ ഗോപി കഴിഞ്ഞ ദിവസം ഇത്തരം നെഗറ്റീവ് റിവ്യൂനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു, മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പ്രേക്ഷകരുടെ അഭിരുചികള്‍ പല തരത്തിലാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാവരും സിനിമ കാണുന്നതും. അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകും. സിനിമ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. അത് ഞങ്ങളിലേക്ക് എത്തുന്നു. ഇഷ്ടപെടാത്തവർക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. അത് അവരുടെ സ്വാതന്ത്രവും അവകാശവുമാണ്.

എന്നാൽ ഇതുപോലെ ഒരു മേഖലയെ തന്നെ തകർക്കുന്ന രീതിയിൽ പലതരം കോപ്രായങ്ങള്‍ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നത്. എന്തോ വലിയ ആളുകള്‍ എന്ന തരത്തിലാണ് അവർ ഇതൊക്കെ ചെയ്യുന്നതും പറയുന്നതും. അത് കാണുമ്പോഴാണ് മറ്റുള്ളവരും മനുഷ്യരാെണന്ന് തോന്നൽ അവർക്കില്ല എന്ന് തോന്നുന്നത്. റിവ്യൂ എന്ന പേരിൽ കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ വളരെ മോശമാണെന്നും അഭിമുഖത്തില്‍ അരുണ്‍ ഗോപി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമ്മാണ കമ്പനി നിയമനടപടികൾക്ക് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *