എനിക്കിപ്പോൾ രാഷ്ട്രീയമില്ല, ഉണ്ടായിരുന്നത് നൂറു ശതമാനവും ഉപേക്ഷിച്ചു ! അതിന്റെ ഫലം ഞാൻ അനുഭവിച്ചു ! തുറന്ന് പറഞ്ഞ് ജഗദിഷ് !

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു ബഹുമുഖ പ്രതിഭയാണ് ജഗദിഷ്. ഒരു അധ്യാപകൻ കൂടിയായായിരുന്ന അദ്ദേഹം മികച്ചൊരു തിരക്കഥാകൃത്ത് കൂടിയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ അദ്ദേഹം സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു നടൻ എന്നതിനപ്പുറം ഒരു സമയത്ത് അദ്ദേഹം രാഷ്‌ടീയ രംഗത്തും വളരെ സജീവമായിരുന്നു.

എന്നാൽ അതിനു ശേഷം താൻ തന്റെ രാഷ്ട്രീയ ജീവീതം പൂർണ്ണമായും ഉപേക്ഷിച്ചു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാ​ഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ചർച്ചയായിരുന്ന സമയത്തായിരുന്നു ജ​ഗദീഷ് താൻ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചത്. ‘ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാൾ മികച്ച ജീവിതം ആർക്ക് കൊടുക്കാൻ കഴിയുന്നോ അവരായിരിക്കും ഭരിക്കുക.വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലില്ലായ്മയുടെ കാര്യത്തിലായിക്കോട്ടെ, വ്യവസായത്തിന്റെ കാര്യത്തിലാകട്ടെ, ആരാണോ മികച്ചൊരു ഭാവി ഉറപ്പ് തരുന്നത് അവർ അധികാരത്തിൽ വരണം.

അദ്ദേഹം ഇതിനു മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇപ്പോഴിതാ തീപ്പൊരി ബെന്നി എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘എനിക്കിപ്പോൾ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പില്ലായിരുന്നു എന്നതാണ്. അവരോട് ചോദിച്ചപ്പോൾ അവർ വേണോ എന്ന അർത്ഥത്തിലാണ് ചോദിച്ചത്.

എന്നാൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു, അവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു എന്നും ജഗദിഷ് പറയുന്നുണ്ട്. പരാജിതൻ ആയതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ ആ കാര്യത്തിനോട് അവരോടുള്ള യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്. ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാൽ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സൽക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.

മമ്മൂക്ക അങ്ങനെ ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല, എല്ലാ പാർട്ടിക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവരുമായിട്ട് സമ അടുപ്പം പാലിക്കും. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട് ഇപ്പോൾ. തോറ്റു എന്നുള്ള കുറ്റബോധവും നിരാശയുമെല്ലാം പോയി. എല്ലാവർക്കും എന്നോട് വലിയ സ്നേഹമാണെന്നും ജഗദിഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *