അമ്മയാകാനൊരുങ്ങി പ്രേക്ഷകരുടെ സ്വന്തം കല്യാണി

മിനിസ്ക്രീൻ താരങ്ങൾ പ്രേക്ഷകരുടെ അടുത്ത കുടുംബാംഗം എന്ന നിലയിലാണ് സ്നേഹം പിടിച്ചുപറ്റാറുള്ളത്. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുന്ന നായികമാർ അഭിനയ ലോകത്തുനിന്നും അകന്നുനിന്നാലും ആ സ്നേഹം നഷ്ടപെടാറില്ല. അവരുടെ മടങ്ങി വരവിനായി പ്രേക്ഷകർ കാത്തിരിക്കാറുമുണ്ട്. അങ്ങനെ ഒരൊറ്റ പരമ്പരയിലൂടെ ഹൃദയം കീഴടക്കിയ താരമാണ് നിയ രഞ്ജിത്ത്. അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മനസ്സിലായെന്നു വരില്ല. ഇന്നും പ്രേക്ഷകർക്ക് നിയ കല്യാണിയാണ്.

മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങിയ പാരമ്പരകളിലൂടെയാണ് നിയ ശ്രദ്ധ നേടിയത്. തമിഴിലും മലയാളത്തിലുമായി ഇരുപത്തിയഞ്ചിലധികം സീരിയലുകളിൽ താരം വേഷമിട്ടിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ്, മലയാളി എന്നിങ്ങനെ രണ്ടു സിനിമകളിലും നിയ വേഷമിട്ടിരുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നിയ ഇപ്പോൾ അഭിനയലോകത്ത് സജീവമല്ല. വിവാഹശേഷം ഭർത്താവ് രഞ്ജിത്തിനൊപ്പം ലണ്ടനിലാണ് താമസം. ഇവർക്ക് ഒരു മകനാണുള്ളത്, രാഹുൽ.

ഇപ്പോഴിതാ, ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് നിയ. പുതുവർഷത്തിൽ രണ്ടാമത്തെ കണ്മണിക്കായി കാത്തിരിക്കുകയാണ് താരം. നിരവയറിലുള്ള നിരവധി ചിത്രങ്ങളാണ് നിയ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾക്ക് കമന്റുമായി സഹതാരങ്ങളും എത്തി. നടി സ്നേഹ ശ്രീകുമാർ നിയയുടെ ചിത്രത്തിന് നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിപ്പോഴാണോ ഇടുന്നത്, കുഞ്ഞാപ്പിയുടെ ചിത്രം ഇടൂ, എന്നാണ് സ്നേഹ കമന്റ്റ് ചെയ്തത്.

സ്നേഹയെ പോലെ പലരും ഇത് ആദ്യത്തെ കുഞ്ഞിനെ ഗര്ഭിണിയായിരിക്കുമ്പോഴുള്ള ചിത്രമാണെന്ന് വിചാരിച്ചിരുന്നു. എന്നാൽ, പിന്നാലെ നിയ നാല് മാസം ഗർഭിണിയാണെന്ന് വ്യക്തമാക്കി. എന്തായാലും പ്രേക്ഷകരുടെ പ്രിയതാരം ഉടനെയൊന്നും നാട്ടിലേക്ക് വരില്ലെന്നും പറയുകയാണ്. ലീവ് ലഭ്യമല്ല എന്നും അങ്ങനെ ലീവ് എടുത്താൽ ഫൈൻ നൽകേണ്ടി വരുമെന്നും നടി പറയുന്നു. ലണ്ടനിൽ തന്നെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകാനുള്ള ഒരുക്കത്തിലാണ് താരം.

അതേസമയം, നിയ കോൺസാനിയ എന്ന വ്യത്യസ്തമായ പേരുമായി അഭിനയ ലോകത്തേക്ക് എത്തിയ നടി വളരെവേഗം തന്നെ ജനപ്രീതി നേടിയിരുന്നു. മോഡലിംഗ് രംഗത്തും നിയ സജീവമായിരുന്നു. ടി വി അവതാരികയിൽ നിന്നുമാണ് അഭിനേത്രിയിലേക്ക് ചേക്കേറിയത്. ഭർത്താവ് രഞ്ജിത്തുമായി പ്രണയിച്ചാണ് നിയ വിവാഹം കഴിച്ചത്.

സുഹൃത്തിന്റെ ബന്ധുവായ രഞ്ജിത്തുമായി ചാറ്റിങ്ങിലൂടെയാണ് താരം അടുപ്പത്തിലായത്. ടി വി അവതാരകയായ സമയത്ത് രഞ്ജിത്ത് ഒരു അഭിനന്ദന സന്ദേശം അയക്കുകയും അതിനെത്തുടർന്ന് സഹൃദത്തിലാകുകയും പിന്നീട് പ്രണയിക്കുകയുമായിരുന്നു. എന്നാൽ, നീണ്ട കാലം പ്രണയിച്ചെങ്കിലും ഇരുവീട്ടുകാർക്കും വിവാഹത്തിനോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ, വളരെ പ്രതിസന്ധികളിലൂടെ ഇരുവരും ഒന്നാകുകയായിരുന്നു. അതേസമയം, രണ്ടാമത്തെ കുഞ്ഞും പിറക്കാനിരിക്കെ, നിയ അഭിനയലോകത്തേക്ക് ഉടൻ മടങ്ങാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *