
ആലോചിക്കുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു വിങ്ങലാണ് ആ വാക്കുകള്‍, വളരെ അപൂര്‍വ്വമായിട്ടേ അങ്ങനെ ആളുകള്‍ സിനിമയില്‍ പെരുമാറുകയുള്ളൂ.. മുരളിയെ കുറിച്ച് ലാൽജോസ് പറയുന്നു !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് ഭരത് മുരളി. പകരം വെക്കാനില്ലാത്ത അനുഗ്രഹീത കലാകാരൻ. ഇപ്പോഴിതാ മുരളിയെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ കരിയറിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മനുഷ്യനാണ് മുരളി ചേട്ടൻ എന്നാണ് ലാൽജോസ് പറയുന്നത്. മുരളിയേട്ടന്‍ എന്ന നടന്റെ കരിയര്‍ വളര്‍ച്ച ഞാന്‍ തൊട്ടടുത്തു നിന്ന് കണ്ടിട്ടുള്ളതാണ്. എന്നോട് വലിയ വാത്സല്യമായിരുന്നു. വിഷ്ണു ലോകം ചെയ്യുന്ന സമയത്ത് ഞാന്‍ നായകനാകുന്ന ഒരു സിനിമ സംഘടപ്പിച്ചാല്‍ നിര്‍മ്മാതാവിനെ തരാം നീ സിനിമ സംവിധാനം ചെയ്യാനായി ലാലു എന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ ആളുകളില്‍ ഒരാളാണ്.
ഞാൻ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തത് സലിം കുമാറായിരുന്നു. അത്തരത്തിൽ സലീം കുമാര്‍ നായകനാകുന്ന ഈ സിനിമയില്‍ ഒരു സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ചെയ്യാന്‍ മുരളി ചേട്ടനെ വിളിക്കുവാന്‍ എനിക്ക് വിഷമുണ്ടായിരുന്നു. അതിനാല്‍ ആദ്യം സമീപിച്ചത് മറ്റൊരു നടനെയാണ്. പക്ഷെ അദ്ദേഹം ചോദിച്ച തുക കൊടുക്കാന്‍ പറ്റില്ലായിരുന്നു. മടിച്ച് മടിച്ചാണ് മുരളി ചേട്ടനെ വിളിക്കുന്നത്. നിന്റെ സിനിമയല്ലേ, നിനക്ക് ആദ്യം സിനിമ ഓഫര്‍ ചെയ്ത ആളല്ലേ ഞാന്‍, ഞാന്‍ വരാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഈഗോയുമില്ലാതെ അദ്ദേഹം വന്ന് അഭിനയിച്ചു. സലീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

അന്ന് ആ ഷൂട്ടിംഗ് ഏറെ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോയത്, പീരുമേടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഒരു നാല് ദിവസം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഒന്ന് വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ് പോയിട്ട് വന്നില്ല. സിനിമ നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാന്‍ പറ്റില്ല. എന്റെ എടിഎം കാര്‍ഡ് ഉരച്ചാല്‍ കിട്ടുന്നതില്‍ നിന്നാണ് സിനിമ മുന്നോട്ട് പോയത്. മേടിക്കാന്‍ പറ്റാവുന്നിടത്തു നിന്നൊക്കെ ഞാന്‍ കടം വാങ്ങി. കടം പറയാവുന്നിടത്തൊക്കെ കടവും പറഞ്ഞു.
അങ്ങനെ മുരളി ചേട്ടന്റെ അവസാന സീനെടുക്കുന്ന ദിവസം അദ്ദേഹത്തിന് 20000 രൂപ കൊടുക്കാനുണ്ടായിരുന്നു. അദ്ദേഹത്തോട് കടം പറയാനാകില്ല. ഞാത് സംഘടിപ്പിച്ചു. ഷൂട്ട് തീര്‍ന്നപ്പോള്‍ ആ തുക കൊണ്ടു കൊടുക്കാന്‍ പോയി. അദ്ദേഹം എന്റെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം തിരികെ എനിക്ക് തന്നെ തന്നു. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ നീ നടത്തിയ സര്‍ക്കസ് ഞാന്‍ കണ്ടതാണ്. ഈ തുക കൊണ്ട് വേറൊരാളെ സെറ്റില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോളൂവെന്ന് അദ്ദേഹം പറഞ്ഞു. ആലോചിക്കുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു വിങ്ങലാണ് ആ വാക്കുകള്‍. വളരെ അപൂര്‍വ്വമായിട്ടേ അങ്ങനെ ആളുകള്‍ സിനിമയില്‍ പെരുമാറുകയുള്ളൂ. ഒരിക്കലും മറക്കില്ല എന്നും ലാൽജോസ് പറയുന്നു.
Leave a Reply