അഞ്ചു പൈസ പോലും അദ്ദേഹം ഉണ്ടാക്കിയില്ല, ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് ! സെൽ‍മ പറയുന്നു !

മലയാള സിനിമക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയായിരുന്നു സംവിധായകൻ കെജി ജോർജ്. കഴിഞ്ഞ ദിവസം ഉണ്ടായ അദ്ദേഹത്തിന്റെ വിടപറച്ചിലിൽ കേരളമാകെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.  ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കെ.ജി.ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയിൽ സുഖവാസത്തിനു പോയി എന്ന ആരോപണത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സെൽ‍മയുടെ വാക്കുകൾ ഇങ്ങനെ, ‘ഞാൻ മകന്റെ കൂടെ ഗോവയിൽ ആയിരുന്നു. പോയിട്ടു വേഗം വരാമെന്ന് അദ്ദേഹത്തോടു പറഞ്ഞാണ് യാത്ര തിരിച്ചത്. ദോഹയിൽ ജോലി ചെയ്യുന്ന മകൾ അങ്ങോട്ടു പോയപ്പോൾ എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാതെയായി. അങ്ങനെയാണ് ഗോവയിലുള്ള മകന്റെയടുത്തേക്കു പോയത്. ഞാനും മക്കളും എന്റെ ഭർത്താവിനെ നന്നായിട്ടാണ് നോക്കിയത്. ‘സിഗ്നേച്ചർ’ എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ കൊണ്ട് ചെന്ന് ആക്കിയത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോതെറാപ്പിയും അടക്കം അത്യാധുനിക ചികിത്സാൗകര്യങ്ങൾ ഉള്ളതിനാലാണ്. നല്ല സ്ഥലമാണെന്നു തോന്നിയതുകൊണ്ട് മാത്രമാണ് അവിടെ ആക്കിയത്. ഞങ്ങൾ അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി കടന്നുകളഞ്ഞെന്നും മറ്റും പലരും പറയുന്നുണ്ട്.

അതൊക്കെ തെറ്റായ വാർത്തകളാണ്, സിഗ്നേച്ചർ എന്ന സ്ഥാപനത്തോടും ഫെഫ്ക തുടങ്ങിയ സംഘടനകളോടും ചോദിച്ചാൽ അറിയാം അദ്ദേഹത്തെ ഞങ്ങൾ എങ്ങനെയാണ് നോക്കിയതെന്ന്. മക്കൾക്കും ജീവിക്കേണ്ടേ. അവർ അതുകൊണ്ടാണ് ഓരോ സ്ഥലങ്ങളിലേക്ക് പോയത്. ജോർജേട്ടൻ ഒരുപാട് സിനിമകൾ വളരെ നന്നായി എടുത്തു. പക്ഷേ അഞ്ചു പൈസ പോലും അദ്ദേഹം ഉണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം.അദ്ദേഹത്തിന് സ്ട്രോക്ക് വന്നതിനുശേഷം എനിക്ക് തനിയെ പൊക്കി എടുത്ത് കുളിപ്പിക്കാനും കിടത്താനും ഒന്നും കഴിയുമായിരുന്നില്ല. എനിക്ക് അതിനുള്ള ആരോഗ്യമില്ല. അതുകൊണ്ടാണ് സിഗ്നേച്ചറിൽ ആക്കിയത്. അവർ നന്നായിട്ടാണ് അദ്ദേഹത്തെ നോക്കിയത്. ഞങ്ങൾക്ക് ഒരു പരാതിയുമില്ല. എല്ലാ ആഴ്ചയിലും ഞാൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കൊടുത്തു വിടുമായിരുന്നു.

ആൾക്കാർക്ക് എന്തുവേണമെങ്കിലും പറയാം.  കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാൻ പറ്റില്ലല്ലോ, ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ്. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കാനില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുൻനിർത്തിയാണ് ജീവിക്കുന്നത്. അദ്ദേഹം വളരെ നല്ലൊരു ഭർത്താവും അച്ഛനും ആണ്. ഞങ്ങൾ വളരെ ആത്മാർഥമായിട്ടാണ് അദ്ദേഹത്തെ സ്നേഹിച്ചത്. ഒരു വിഷമവും അദ്ദേഹത്തിന് ഞാൻ കൊടുത്തിട്ടില്ല.

ആളുകൾ പറയുന്നതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല, ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്റെ മകന്റെ അടുത്ത് പോയതാണ്. പ്രായമായ ആളുകൾക്ക് അസുഖമായി കിടക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്. ഞാൻ ദിവസവും ദൈവത്തോട് പ്രാർഥിക്കാറുള്ളത് അദ്ദേഹത്തെ ഇട്ട് കഷ്ടപ്പെടാതെ അങ്ങ് വിളിക്കണേ എന്നാണ്. ആ പ്രാർഥന ഇപ്പോൾ ദൈവം കേട്ടു. എനിക്കിപ്പോൾ സമാധാനമെയുള്ളൂ അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല എന്നും സെൽമ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *