എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും.. അത് എന്റെ അവകാശമാണ്, ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല ! ഉണ്ണി മുകുന്ദൻ

സിനിമ താരങ്ങളും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പോര് ദിവസങ്ങൾ പിന്നിടുംതോറും ശക്തമായി മാറുകയാണ്. ഇരുവരും ചേരിതിരിഞ്ഞ് സമരത്തിന് ഒരുങ്ങുകയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറക്കണമെന്നാണ് നിർമ്മാതാക്കൾ ആവിശ്യപെടുന്നത്. എന്നാൽ അത് സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം അമ്മ സംഘടനാ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം തള്ളിക്കളഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ പണം കൊണ്ട് തനിക്ക് ഇഷ്ടമുള്ള സിനിമകള്‍ നിര്‍മ്മിക്കുമെന്നും അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യത എന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറിലാണ് താരം സിനിമകള്‍ നിര്‍മ്മിക്കുന്നത്.

സിനിമ അങ്ങനെ ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല, നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മ്മാതാവായ ഒരാളാണ്. എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല. അതൊരു മാന്യതയാണ്. ഞാന്‍ നിര്‍മിച്ച സിനിമകളും നല്ലതാണ് എന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോട് പോലും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.

അഭിനേതാക്കളോട് സിനിമ നിർമ്മിക്കരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഒരു പ്രൊഡക്ഷൻ കമ്പനി ഉള്ള ആളാണ് ഞാൻ, അത് എന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവര്‍ക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്‌പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല. ഇന്‍ഡസ്ട്രിയില്‍ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.

കാശ് മുടക്കാൻ ഉള്ളവർ സിനിമ ചെയ്യട്ടെ, വേറെ മേഖലയില്‍ നിന്നും ജോലിയൊക്കെ രാജി വച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാന്‍ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്ഷന്‍ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. പിന്നെ പ്രതിഫലം, ഞാന്‍ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ച് വര്‍ഷത്തോളമായി എന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

എന്നാൽ അതേസമയം, ഇപ്പോൾ നിലവിലെ സാഹചര്യത്തിൽ നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നിഖില വിമല്‍ അഭിപ്രായപ്പെട്ടു. ഏതായാലും ജൂൺ ഒന്ന് മുതൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *