എന്റെ കൈകൾ അമ്മ ചേർത്ത് പിടിക്കുമ്പോൾ എന്റെ മനസിലേക്ക് ഒരു വെളിച്ചം കടന്നുവരുന്നതായി തോന്നാറുണ്ട് ! മാതക്ക് ജനംദിന ആശംസകൾ അറിയിച്ച് മോഹൻലാൽ !

മാതാ അമൃതാനന്ദ മൈ യുടെ എഴുപതാമത് ജന്മദിനമാണ് നാളെ, പ്രമുഖർ അടക്കം നിരവധി പേരാണ് അമ്മക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ അമ്മയുടെ വലിയ ഭക്തനായ മോഹൻലാൽ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, മാതാ അമൃതാനന്ദമയി അമ്മയെ ഞാൻ ആദ്യം കാണുന്നത് എന്റെ 12–ാം വയസ്സിലാണ്. അന്ന് പൂർവാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടിൽ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കുമുണ്ടായിരുന്നു. അന്നു വളരെ കുറച്ചു പേരേ അമ്മയെ കാണാൻ എത്തിയിരുന്നുള്ളൂ.

അമ്മയെ എന്നിലേക്ക് അടുപ്പിച്ചത് എന്തോ ഒരു എനർജിയാണ്. അത് ഒരുപക്ഷെ പറഞ്ഞ് മനസിലാക്കിപ്പിക്കാൻ കഴിയില്ല. അമ്മയ്ക്കും വാക്യമാർക്കും മുത്തശ്ശിക്കും ഒപ്പം കഥകൾ കേട്ട് വളർന്നതാണ് എന്റെ കുട്ടിക്കാലം. ജീവിതത്തിലെ എത്രയോ പ്രതിസന്ധികളിൽ ഞാ‍ൻ ആശ്രയിച്ചത് അമ്മയുടെ വാക്കുകളാണ്. ഇതിനെല്ലാം വല്ല ശാസ്ത്രീയ അടിസ്ഥാനവും ഉണ്ടോ എന്നു ചോദിച്ചാൽ, നാം ചിലപ്പോൾ ആശ്രയിക്കേണ്ടത് അടിസ്ഥാനങ്ങളെയല്ല, അനുഭവങ്ങളെയാണ് എന്നു ഞാൻ പറയും. എന്നെ അമ്മയിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അതു ഞാൻ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല.

എന്റെ പെറ്റമ്മ ഇന്നും എന്റെ ഒപ്പം ഉള്ളത് അമൃത എന്ന ആശുപത്രി ഉള്ളതുകൊണ്ടാണ്. അതിനു കാരണമായ പുണ്യത്തെ ഞാൻ സ്നേഹിക്കുന്നതിൽ എനിക്കൊരു തെറ്റും തോന്നുന്നില്ല. ലക്ഷക്കണക്കിനാളുകളുടെ മനസ്സിൽ അമൃതാനന്ദമയിയുടെ രൂപം തെളിയുന്നതിന് ഒരു കാരണം ആ ആശുപത്രിയാണ്. എത്രയോ പേർക്ക് അതു ക്ഷേത്രംപോലെ പവിത്രമാണ്. കാരണം, അവരുടെ അനുഭവം അവരെ അതു പഠിപ്പിക്കുന്നു. തെറ്റുകളും കുറവുകളും അന്വേഷിച്ചു പോകുന്നവർക്ക് അത് എവിടെയും കണ്ടെത്താനാകും. എന്നാൽ, അതിന്റെ മറുവശത്ത് ഈ കാരുണ്യസ്പർശം അറിഞ്ഞ ലക്ഷക്കണക്കിനാളുകളുടെ കടലുണ്ടെന്നു നാം ഓർക്കണം.

നാം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി സൂനാമിയും പ്രളയവും വന്നപ്പോൾ അമ്മ കോടിക്കണക്കിനു രൂപയാണ് അവർക്കു സഹായമായി നൽകിയത്. എത്രയോ പേർ ആ വീടുകളിൽ സന്തോഷത്തോടെ അന്തിയുറങ്ങുന്നു. അങ്ങനെ ഒരു പവിത്രമായ മനസ്സിവിടെ ഉണ്ടായി എന്നതാണു നാം കാണേണ്ടത്. എന്റെ എത്രയോ സംശയങ്ങൾക്കു ഞാൻ ഉത്തരം കണ്ടെത്തിയത് അമ്മയിൽനിന്നാണ്.

ഒരിക്കൽ പോലും  സംസ്കൃതം പഠിക്കാത്ത ഞാൻ എങ്ങനെയാണു 2 മണിക്കൂർ ഇടവേളയില്ലാതെ ലൈവായി സ്റ്റേജിൽ സംസ്കൃത നാടകം അഭിനയിച്ചത്. അതും  സംസ്കൃത പണ്ഡിതർ നിറഞ്ഞ  സദസ്സായിരുന്നു അത്. ഒരിക്കൽപോലും പിഴച്ചില്ലെന്ന് അവർ പറഞ്ഞു. എനിക്കു നാടകം ചെയ്തു വലിയ പരിചയവുമില്ല. കഥകളി അറിയാത്ത ഞാൻ എങ്ങനെയാണു കഥകളിനടന്റെ സൂക്ഷ്മമായ ചലനങ്ങൾ സ്വന്തമാക്കി അഭിനയിച്ചത്.

അതെല്ലാം എന്റേതല്ലാത്ത ഒരു ശക്തി കൊണ്ടാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് അമ്മയെന്നത് എപ്പോഴും ഗുരു ആണ്. എന്റെ കൈകൾ അമ്മ ചേർത്തുപിടിക്കുമ്പോൾ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നതായി അനുഭവപ്പെടാറുണ്ട്. അത്തരം എത്രയോ ഗുരുക്കന്മാരുടെ വെളിച്ചമാണ് എന്നെ ഇവിടെ നിർത്തുന്നതും എന്നും മോഹൻലാൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *