ഒരു പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും കാണാൻ വന്നില്ല ! ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി ! വിമർശനവുമായി പി ആർ ശ്രീജേഷ് !

നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയ ആളാണ് ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഈ തവണത്തെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം കൂടി സ്വന്തമാക്കിയ ശ്രീജേഷ് വീണ്ടും രാജ്യത്തിനും അതിലുപരി കേരളത്തിനും, വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.  എന്നാൽ ഇപ്പോഴിതാ വലിയ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും ഒന്നു കാണാൻ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്‍റെ പ്രതികരണം.

തന്നെ കാണാനും അഭിനന്ദിക്കാനും ആദ്യമായി വീട്ടിൽ എത്തിയത് ബംഗാള്‍ ഗവര്‍ണറാണ് എന്നാണ് ശ്രീജേഷ് പറയുന്നത്. അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.

ഞങ്ങളെപ്പോലെ രാജ്യത്തിൻറെ പേരും പ്രശസ്തിയും ഉയർത്തിപ്പിടിക്കുന്ന കായിക താരങ്ങൾ നേരിടുന്നത് വലിയ അവഗണനാണ് ആണെന്നും അദ്ദേഹം പറയുന്നു.  ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്.

അതുപോലെ തന്നെ എന്റെ സുഹൃത്തും ഹോക്കിയിൽ സഹ താരവുമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേരള സർക്കാരിനെതിരെ  പൊതുസമൂഹത്തിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *