മണി യാത്രയായിട്ട് ഇന്നേക്ക് ഏഴു വര്‍ഷം ! ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത് ! വിനയന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് നടൻ കലാഭവൻ മണി. ഏവരുടെയും പ്രിയങ്കരനായ മണിചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്. ഇപ്പോഴിതാ ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നും അസാധാരണ കഴിവുകളാല്‍ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് വിനയന്‍ പറയുന്നു..

അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മണി യാത്രയായിട്ട് ഏഴു വര്‍ഷം… സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്റേതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ആ ജീവിതം കൈവിട്ടു പോയത്. ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികള്‍’, എന്നും വിനയന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

മണിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളുകൂടിയാണ് വിനയൻ. അദ്ദേഹം സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ മണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു, മണിക്ക് ആ ചിത്രത്തിലൂടെ ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയൂം ചെയ്തു. 2018-ല്‍ കലാഭവന്‍ മണിയുടെ ജീവിതം പശ്ചാത്തലമാക്കി വിനയന്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയും ഒരുക്കിയിരുന്നു. അതുപോലെ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണെന്നും ഇതുവരെ അത് യാഥാര്‍ഥ്യമായില്ലെന്നും സംവിധായകന്‍ വിനയന്‍. ഇതേ ദിവസം കഴിഞ്ഞ കൊല്ലം അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *