അയ്യപ്പനായി അഭിനയിക്കാനുള്ള നിയോഗം എന്നെ തേടി വരികയായിരുന്നു ! എല്ലാം ഈശ്വര നിശ്ചയം ! സന്തോഷം അറിയിച്ച് ഉണ്ണി മുകുന്ദൻ !

മലയാള സിനിമയിൽ മല്ലു സിങ്ങായി പിറവി എടുത്ത ഉണ്ണി മുകുന്ദൻ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായി മാറുകയാണ്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി നടന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം മുന്നേറുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം 25 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. സിനിമയുടെ വിജയത്തിൽ നന്ദി അറിയിക്കാൻ ഉണ്ണി ഇന്ന് ശബരിമലയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഈ മകരവിളക്ക് ദിവസമായ ജനുവരി 14 തന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റം തന്നെ ഉണ്ടാക്കിയ ദിവസമാണ്. തനിക്ക് ഏറെ പ്രധാനപ്പെട്ട ഈ ദിവസം അയ്യന്റെ നടയിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു. നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു.

അതുപോലെ ഞാൻ ആദ്യമായി സിനിമ  നിർമാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്..

മേപ്പടിയാൻ  എന്ന സിനിമയിൽ  ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം പറയുന്നു..

 

Leave a Reply

Your email address will not be published. Required fields are marked *