20 വർഷം മുമ്പ് മന്ത്രിയായ ആളാണ് ഞാൻ ! റിയാസ് ആ ബഹുമാനം എന്നോട് കാണിക്കണം ! റിയാസിന്റെ ഫോട്ടോ അല്ല അവിടെ വെക്കേണ്ടത് ! ഗണേഷ് കുമാർ !

നടനായും പൊതുപ്രവർത്തകനായും ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിറഞ്ഞ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇപ്പോഴിതാ പൊതു വേദിയിൽ വെച്ച് പൊതുമരാമത്ത് മന്ത്രി റിയാസിനെതിരെ സംസാരിച്ചിരിക്കുകയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അദ്ദേഹം വിമർശിച്ചത്.

റിയാസ് തന്റെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാത്തത് മാത്രമല്ല തന്നെപ്പോലെ മുതിർന്ന എംഎൽഎമാരെ മന്ത്രി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ റോഡിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന്‍റെ ചിത്രം സംഘാടകർ വച്ചിരുന്നു. എന്നാൽ, ഇവിടെ മുൻ മന്ത്രി ജി. സുധാകരന്‍റെ ചിത്രമാണ് വയ്‌ക്കേണ്ടതെന്നും റിയാസിന്‍റെ ചിത്രം വയ്‌ക്കേണ്ടിയിരുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. വേദിയിൽ ഗണേഷിന്റെ വാക്കുകൾ ഇങ്ങനെ, കൊവിഡ് ലോക്‌ഡൗൺകാലത്ത് ജി. സുധാകരന്‍റെ വീട്ടിൽ പോയപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞു. പിന്നീട് ഹൽവ തരുകയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരുകയുമായിരുന്നു. അദ്ദേഹത്തിനുള്ള നന്ദി കൈയടികളോടെ നാം അറിയിക്കണം. ജി. സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു.

പക്ഷെ ഇപ്പോഴത്തെ അവസ്ഥ അതൊന്നുമല്ല, ആവശ്യമുള്ളതൊന്നും നൽകുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ ഒരു എംഎൽഎയോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയല്ല. നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്. ഞാനും വി.ഡി. സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സഭയിൽ സീനിയോറിറ്റിയുണ്ട്. അത് പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുൻപ്, 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് ഞാൻ. അതിന്റെ മര്യാദ കാണിക്കണം. പത്താനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *