‘മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാനാകില്ല’ ! സുരേഷ് ഗോപിയെ പരിഹസിച്ച് എംപി ടിഎൻ പ്രതാപൻ !
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃശ്ശൂർ ലൂർദ് പള്ളിയിലെ മാതാവിന് സ്വർണ്ണ കിരീടം നേർച്ചയായി സമർപ്പിച്ചിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും 17 ന് വിവാഹിതയാകാൻ പോകുന്ന മകൾ ഭാഗ്യവും, ഇളയ മകൾ ഭാവ്നിയും ചേർന്നാണ് മാതാവിന് കിരീടം സമർപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ. കഴിഞ്ഞ മത്സത്തിൽ ടി എൻ പ്രതാപൻ തൃശൂരിൽ സുരേഷ് ഗോപിക്ക് എതിരെ മത്സരിച്ചാണ് വിജയം കൈവരിച്ചത്.
അദ്ദേഹം സുരേഷ് ഗോപിയെ വിമർശിച്ച് പറഞ്ഞത് ഇങ്ങനെ, മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമെന്നും പ്രതാപൻ പരിഹസിച്ചു.
സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചത് ഇതിനോടകം ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു, മാതാവിന് നേർച്ചയായി സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും കുടുംബവും മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടുവന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായിരുന്നു.
എന്നാൽ അദ്ദേഹം കിരീടം അണിയിച്ച ശേഷം മാതാവിന്റെ തലയിൽ നിന്നും നിലത്ത് വീണത് പരിഭ്രാന്തി പടർത്തി. തുടർന്ന് സുരഷ് ഗോപിയുടെ ഭാര്യ കിരീടം വീണ്ടും ശരിയാക്കി മാതാവിൻ്റെ തലയിൽ വയ്ക്കുകയായിരുന്നു. പാർലമെൻ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരേഷ് ഗോപി തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്.
Leave a Reply