
“തീയിൽ കുരുത്തൊരു കുതിരയേ, മണ്ണിൽ മുളച്ചൊരു സൂര്യനേ, പിണറായി വിജയൻ, നാടിന്റെ അജയൻ ! ഒരു പാവം മനുഷ്യനെ അധിക്ഷേപിക്കുന്നതിന് ഒരു പരിധിയൊക്കെ ഇല്ലിയോടേയ് ! ശ്രീജിത്ത് പണിക്കർ !
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ സംസാര വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തികൊണ്ട് തരംഗമായി മാറുന്ന ഒരു ഗാനമാണ്. കേരള സിഎം’ വീഡിയോ ഗാനം. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിശാന്ത് നിളയാണ് ഗാനത്തിന്‍റെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. 25000 വ്യൂസാണ് ഇതിനോടകം ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം ഇതേ ഗാനത്തിന്റെ പരിഹസിച്ചും നിരവധി കമന്റുകൾ എത്തുന്നുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ഈ ഗാനത്തെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. “തീയിൽ കുരുത്തൊരു കുതിരയേ.. മണ്ണിൽ മുളച്ചൊരു സൂര്യനേ… പിണറായി വിജയൻ… നാടിന്റെ അജയൻ… മനസ്സ് ഡാ തങ്കം… മാസ്സ് ഡാ പുള്ളി… അർത്ഥസംപുഷ്ടമായ വരികൾ. ‘തങ്കം’ എന്നുവച്ചാൽ ‘സ്വർണ്ണം’..
യാതാലൊരു കഴുകൻ കൊടുങ്കാറ്റിൽ പറക്കുന്നുവോ, അതിനർത്ഥം ആ കഴുകന് ശക്തിയില്ല എന്നാണ്. യാതാലൊരു സൂര്യൻ മണ്ണിൽ ഉദിക്കുന്നുവോ, അതിനർത്ഥം ആ സൂര്യൻ ഭൂമിയെ നശിപ്പിക്കും എന്നാണ്. യാതാലൊരുവൻ നാടിന്റെ മന്നൻ ആണോ, അതിനർത്ഥം അവൻ ജനാധിപത്യ വിരുദ്ധൻ ആണെന്നാണ്. യാതാലൊരുവൻ നടന്നുവന്നാൽ പുലിയായി തോന്നുന്നുവോ, അതിനർത്ഥം നടക്കാത്തപ്പോൾ അവൻ പുലിയല്ലെന്നാണ്.

യാതാലൊരു കൊടുമുടി ചെങ്കൊടിയിൽ ഉയരുന്നുവോ, അതിനർത്ഥം ആ ചെങ്കൊടി കൊടുമുടിയുടെ അടിയിൽ പെട്ടുപോയി എന്നാണ്. യാതാലൊരുവന് പത്ത് തലയുണ്ടോ, അതിനർത്ഥം അവൻ തനി രാവണൻ ആണെന്നാണ്. യാതാലൊരുവൻ സ്വജനപക്ഷ വാദികളിൽ മാസ്റ്റർ ആകുന്നുവോ, അതിനർത്ഥം അവൻ ഏറ്റവും വലിയ സ്വജനപക്ഷ വാദിയാണെന്നാണ്. ഒരു പാവം മനുഷ്യനെ അധിക്ഷേപിക്കുന്നതിന് ഒരു പരിധിയൊക്കെ ഇല്ലിയോടേയ് എന്നും ശ്രീജിത്ത് കുറിച്ചു..
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ട്രോൾ ആയി മാറുകയാണ്. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും പറഞ്ഞ എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടേത്. കറ പുരളാത്ത കൈയ്യാണെന്നും സംശുദ്ധ രാഷ്ട്രീയമാണെന്നും പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
ഈ വാക്കുകളെയും പരിഹസിച്ച് ശ്രീജിത്ത് പോസ്റ്റ് ചെയ്തിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ഞങ്ങടെ പീവി സൂര്യനെ പോലെയാണ്. അടുത്തു ചെന്നാൽ കരിഞ്ഞു പോകും. വൈരുധ്യാത്മക ഭൗതികശാസ്ത്ര പ്രകാരം, കറുപ്പുനിറമുള്ള വസ്തുക്കൾ സൂര്യന്റെ ചൂടിനെ ആഗിരണം ചെയ്ത് നശിക്കും. അതുകൊണ്ടാണ് കരിങ്കൊടി ഏന്തിയവരെയും കറുപ്പ് ധരിച്ചവരെയും അദ്ദേഹത്തിന്റെ അടുത്തെങ്ങും ഞങ്ങൾ അനുവദിക്കാത്തത്. ഞങ്ങൾ ജനങ്ങളെ രക്ഷിക്കുകയാണ്. ഇനിയെങ്കിലും സമ്മതിക്കുമോ ഞങ്ങളുടേത് രക്ഷാപ്രവർത്തനം ആണെന്ന്.. എന്നും ശ്രീജിത്ത് കുറിച്ചു.
Leave a Reply