രണ്ട് ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ! ഓസ്കറിൽ കുറഞ്ഞതൊന്നും പൃഥ്വിരാജ് അർഹിക്കുന്നില്ല ! ശ്രീ കുമാരൻ തമ്പി !

ഇപ്പോൾ സിനിമ ലോകം മുഴുവൻ സംസാര വിഷയം ആടുജീവിതം സിനിമ തന്നെയാണ്, പൃഥ്വിരാജിനെയും സംവിധായകൻ ബ്ലെസ്സിയെയും അഭിനന്ദിക്കുന്ന തിരക്കിലാണ് സിനിമ ലോകം, ഇപ്പോഴിതാ അത്തരത്തിൽ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പി കുറിച്ച വാക്കുകളാലാണ് ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ആടുജീവിതത്തിലൂടെ ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും, അതുപോലെ ആ കുടുംബവുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

വാക്കുകൾ ഇങ്ങനെ.. ‘മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസും നേടിത്തരുന്ന സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.’ ‘ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം, ഗാനരചന തുടങ്ങി എല്ലാം ഏറ്റവും മികച്ചത്. രാജ്യാന്തര അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കർ അവാർഡ്സിന് ഇതാ ഒരു മലയാളസിനിമയെന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു.

ബ്ലെസി എന്ന സംവിധായകന്റെയും  പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം. അതുപോലെ തന്നെ രാജുവിന്റെ മാതാപിതാക്കളായ സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ എന്നീ സിനിമകളിൽ സംവിധാനത്തിൽ മല്ലിക സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്ത് വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്ക് നൽകിയ ജനിതകമൂല്യം ചെറുതല്ല, സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു.

ഇങ്ങനെയുള്ള രണ്ട് ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവിനും എന്റെ അഭിനന്ദനം’, എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *