‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ’ ! മലയാളികളുടെ പ്രിയ നടി കെ പി എ സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വർഷം !

മലയാള സിനിമ ലോകത്ത് ഇനി ഇതുപോലെ ഒരു അഭിനേത്രി ഉണ്ടാകില്ല എന്ന് മലയാളികൾ ഒരേ സ്വരത്തിൽ പറയുന്ന കലാപ്രതിഭ, അഭിനയിച്ച് കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അതുല്യ കലാകാരി നമ്മുടെ ഏവരുടെയും എക്കാലത്തെയും പ്രിയങ്കരി കെ പി എ സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വർഷം. 1947 മാര്‍ച്ച്‌ 10 ന് കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിന്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്.

ചെറുപ്പത്തിൽ തന്നെ  കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം അഭ്യസിച്ചു.  ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന നാടകസംഘത്തിന്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച്‌ കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി.

പകരം വെക്കാനില്ലാത്ത പകർന്നാട്ടവും ആയിരുന്നു പിന്നീടങ്ങോട്ട് മലയാളികൾ സാക്ഷ്യം വഹിച്ചത്. അമ്മയായും, ചേച്ചിയായും, വില്ലത്തിയായും കോമഡി വേഷങ്ങൾ ആയാലും എല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. 1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. വ്യക്തി ജീവിതത്തിലും അവർ നിരവധി പ്രതിസന്ധികളെ അതിജീവിച്ച ആളായിരുന്നു.

അതുപോലെ തന്നെ അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 1998 ല്‍ ഭരതന്റെ മരണശേഷം ഏറെക്കാലം സിനിമയിൽ നിന്നും വിട്ടുനിന്നു.  പിന്നീട് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്‌കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.

മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന കലാകാരി, അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിമകളില്‍ വേഷ പകര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞാടി.  ഓർമകൾക്ക് മുന്നിൽ കൈകൂപ്പുകയാണ് മലയാളികൾ…. അടൂരിന്റെ മതിലുകൾ എന്ന പ്രശസ്ത സിനിമയിൽ നാരായണീ എന്ന കഥാപാത്രമായി ശബ്ദം കൊണ്ട് നിറഞ്ഞു നിൽക്കുകയും അതിൽ , “ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?”എന്ന പ്രശസ്ത ഡയലോഗും ഇപ്പോൾ വീണ്ടും ഓർമ്മിക്കപെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *