
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി ! തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല ! മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എം.ടി!
മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി വിമര്ശിച്ചിരിക്കുകയാണ് എം ടി വാസുദേവൻ നായർ. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എം ടി വാസുദേവൻ നായർ. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം.
രാഷ്‌ടീയം, അല്ലങ്കിൽ പൊതുപ്രവർത്തനം എന്നാൽ എന്താണ്, അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ പണ്ടെന്നോ കുഴിവെട്ടി മൂടി. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ജനസേവനം എന്നതിനപ്പുറം അധികാരം നേടിയെടുക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് എല്ലാവരും, രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.
നമ്മുടെ കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാർട്ടി തന്റെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. പക്ഷെ അതൊരു ആരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്.
ഒരുപാട് മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടു തന്നെ. ജനപ്രതിനിധികൾ എന്നാൽ ജനസേവകർ ആണെന്ന കാര്യം ഇവിടെ പലരും മറക്കുന്നു എന്നും മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തികൊണ്ട് എം ടി പറഞ്ഞു.
Leave a Reply