തമിഴ് സിനിമയിൽ ഇനി മറ്റു ഭാഷയിലെ അഭിനേതാക്കൾ വേണ്ട ! ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതി; പുതിയ നിബന്ധനകളുമായി ‘ഫെഫ്‍സി’ !

കഴിഞ്ഞ കുറച്ച് നാളുകളായി ഏതൊരു തമിഴ് സിനിമ എടുത്താലും അതിൽ മലയാളത്തിൽ നിന്നും ഏതെങ്കിലുമൊക്കെ താരങ്ങൾ ഉറപ്പായും ഉണ്ടായിരുന്നു, അതിനി ക്യാരക്ടർ റോളുകൾ ആയാലും വില്ലൻ വേഷങ്ങളിൽ ആയാലും മലയാളി താരങ്ങളുടെ സാനിധ്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) തമിഴ് സിനിമ രംഗത്ത് പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

അതിൽ ഏറ്റവും ശ്രദ്ധേയം, തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതി എന്നതാണ്. അതുപോലെ തന്നെ തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.

അവരുടെ വിശദമായ വാക്കുകൾ ഇങ്ങനെ, തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരൂത്. ഷൂട്ടിംഗ് പറഞ്ഞ സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.

തുടങ്ങിയ വ്യവസ്ഥകളാണ് അവർ മുന്നോട്ട് വെച്ചിരിക്കുന്നത്, എന്നാൽ ഇവരുടെ ഇപ്പോഴത്തെ ഈ നിയമത്തോട് കടുത്ത അമർശമാണ് ആരാധകർ കാണിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്. തമിഴ് സിനിമയില്‍ മലയാളി അഭിനേതാക്കള്‍ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

അടുത്തിടെ വിജയിച്ച ഏതൊരു തമിഴ് പടം എടുത്താലും അതിൽ മലയാളി താരങ്ങളുടെ സാന്നിധ്യം ഉറപ്പായും ഉണ്ടായിരുന്നു, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മാമന്നൻ  എന്ന ചിത്രത്തിൽ നായകനെക്കാൾ ഒരുപടി ,മുന്നിൽ തിളങ്ങി നിന്നത് വില്ലൻ വേഷത്തിൽ എത്തിയ ഫഹദ് ഫാസിൽ ആയിരുന്നു. അതുപോലെ ആരാധകർക്ക് വളരെ പ്രതീക്ഷയുള്ള രജനികാന്ത് ചിത്രം ജയിലറിൽ നടൻ മോഹൻലാലും എത്തുന്നുണ്ട്.  കൂടാതെ ഫ്രെയ്മുകള്‍ കൊഴുപ്പിക്കാന്‍ മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. ഫെഫ്സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയർത്തുകയാണ് പ്രേക്ഷകർ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *